നൂതന കൃഷിയുടെ നാഴികക്കല്ല്: ഡിജിറ്റൽ കാലത്തിൻ്റെ വിളവിൻ്റെ കഥ
AIFARMINGTECNOLOGY
3/15/20251 min read


ഹായ്, ഒരു ചായ കുടിച്ചാലോ….,
ചായ കുടി തീരുമ്പോഴേക്കും നമുക്കൊരു ചർച്ച ആവാം.എന്തു പറയുന്നു.വേറൊന്നുമല്ല ഇപ്പോഴത്തെ താരത്തെക്കുറിച്ചു തന്നെ.മനസ്സിലായില്ലാ…? AI.. അവനാണല്ലോ ഇപ്പോഴത്തെ താരം.ഞാൻ ചിന്തിക്കുന്നതേ; AI ടെക്നിക്കൽ മേഖലയിൽ വളരെ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്..എന്നാൽ ഈ കാർഷിക മേഖലയിൽ AIയക്ക് എന്ത് മാറ്റം വരുത്താനാണ് സാധിക്കുക..നമ്മുടെ ഇന്നത്തെ ചർച്ച ഇതാവട്ടെ .
ഹാ.. നല്ല ചായ……
എന്നാ നമ്മുക്ക് തുടങ്ങാം………
ഇന്ന് നാം ജീവിക്കുന്നത് സാങ്കേതികവിദ്യയിലൂടെ മാറ്റങ്ങളുടെ പടികൾ കേറികൊണ്ടിരിക്കുന്ന ഒരുകൂട്ടം യുവജനങ്ങളുടെ ഇടയിലാണ്.ഏത് മേഖല എടുത്തു നോക്കിയാലും അവിടെയൊക്കെ കേൾക്കുന്ന ഒരു പദമാണ് AI(ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) അഥവാ കൃത്രിമ ബുദ്ധി. ന്യൂതനസാങ്കേതികവിദ്യ പലമേഖലയിലും മാറ്റങ്ങളുടെ കോളിളക്കം സൃഷ്ടിക്കുമ്പോൾ, AI സാങ്കേതികവിദ്യ നമ്മുടെ കാർഷിക മേഖലയിൽ കർഷകരെ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം.AI യുടെ വരവ് കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വേദിയാകും. ഇതോടെ നമ്മുടെ കർഷകർക്ക് കൃത്രിമ ബുദ്ധി വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.എങ്ങനെയാണെന്നല്ലേ .?
AI (കൃത്രിമ ബുദ്ധി) എന്നത് കമ്പ്യൂട്ടറുകൾക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും കഴിവ് നൽകുന്ന സാങ്കേതികവിദ്യയാണ്. കർഷകരെ കൃത്രിമ ബുദ്ധി കൃഷിയിൽ എങ്ങനെ സഹായിക്കുന്നു എന്നതിലേക്ക് കടക്കാം..
കർഷകർ ഏറേ പ്രയാസം അനുഭവിക്കുന്ന ഒന്നാണ്,കൃഷിയിടങ്ങളിലെ കീടങ്ങളുടെ ഉപദ്രവം ,ഇവയുടെ കടന്നാക്രമണംമൂലം കർഷകർ കൃഷിയിടങ്ങൾ ഉപേക്ഷിക്കുന്നു എന്ന വാർത്തകളും നമ്മൾക്ക് സുപരിചിതമാണ്. അങ്ങനെയുള്ള ഇടങ്ങളിൽ,കീടങ്ങളെ തിരിച്ചറിയാനും അവയെ നിയന്ത്രിക്കാനുമുള്ള കൃത്യമായ രീതികൾ AI സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്താനും,അതിനു ആവശ്യമായവ പ്രാബല്യത്തിൽവരുത്താനും കഴിയും. ഇത് കീടനാശിനികളുടെ അമിത ഉപയോഗവും അതുമൂലമുണ്ടാകുന്ന,രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനും സഹായകമാകും.
ഇനി പറയാനുള്ളത് ജലസേചനത്തെപ്പറ്റിയാണ്.
മനുഷ്യ ജീവനിൽ വെള്ളം എത്ര പ്രധാനപെട്ടതാണോ, അത്ര തന്നെ പ്രാധാന്യമുള്ളതാണ് ,ആർക്ക്?....നമ്മുടെ ചെടികൾക്കും,മരങ്ങൾക്കും.അവ വളർന്നു പൂക്കാനും, കായ്ക്കാനും വെള്ളം അത്യാവശ്യമാണ് എന്ന് നമ്മുക്ക് അറിയാം.എന്നാൽ അതു അധികമായാലോ.?
അധികമായാൽ അമൃതും വിഷം എന്ന് പറയുന്നപ്പോലെ,ചെടികളിൽ വെള്ളം കൂടുതലായാൽ.?അവ നശിച്ചു പോകാൻ കാരണമാകും.അവിടെയാണ് AI യുടെ ഇടപെടൽ..
മണ്ണിന്റെ ഈർപ്പo, കാലാവസ്ഥ പ്രവചനo മുതലായവ വിശകലനം ചെയ്യാനും, കൃത്യമായ അളവിൽ വെള്ളം നൽകാനും, നമ്മളെ സഹായിക്കാൻ AI തയ്യാറാണ് .അതു കൊണ്ട് നമുക്കുള്ള നേട്ടം എന്താ? വെള്ളത്തിന്റെ പാഴ്ചെലവ് കുറയും, പിന്നെ വിളവ് വർധിക്കും.
”ജലം അമൂല്യമാണ് അതു പാഴാക്കരുത്”.!!
അപ്പോൾ കീടങ്ങൾക്കും ജലസേചനത്തിനും..AI പരിഹാരം നിർദേശിച്ചു കഴിഞ്ഞൂ…അതു മാത്രം പോരല്ലോ,.ചെടികളുടെ ആരോഗ്യം കൂടെ നോക്കണ്ടേ…
ഏത് കൃഷി ചെയ്യുമ്പോഴും വിളകളെ നല്ല രീതിയിൽ പരിപാലിക്കുക എന്നത് പ്രധാന ഘടകം തന്നെയാണ്.. കൃത്യമായ ആരോഗ്യ പരിപാലനത്തിലൂടെ മാത്രമേ ചെടികൾ തളച്ചു വളരുകയും,അതിനു അനുസൃതമായ വിളവ് ലഭിക്കുകയുള്ളൂ. ഡ്രോണുകളും സാറ്റലൈറ്റ് ഇമേജുകളും ഉപയോഗിച്ച് AI സിസ്റ്റങ്ങൾക്ക് വിളകളുടെ ആരോഗ്യം നിരീക്ഷിക്കാൻ കഴിയും. രോഗബാധയോ പോഷകാഹാരക്കുറവോ ഉണ്ടെങ്കിൽ അവ നേരത്തെ കണ്ടെത്തി പരിഹരിക്കാൻ ഇത് സഹായിക്കും.
ഹോ,എന്തൊരു ചൂടാല്ലേ…. ഇന്നലെ നല്ല മഴ ആയിരുന്നു.. ഹാ കാലാവസ്ഥയൊക്കെ ദിനം ദിനം മാറികൊണ്ടിരിക്കാണല്ലോ...പഴയകാലത്ത്എല്ലാം അതിൻ്റെ വഴിക്ക് നടക്കുമായിരുന്നു...ഇന്ന് എന്താ അവസ്ഥ.
കേരളത്തിൽ ഇന്ന് കൂടുതലായും കാലാവസ്ഥ വ്യതിയാനം ആണ് കണ്ടുവരുന്നത്.കാലം തെറ്റി പെയ്യുന്ന മഴ എന്നും കർഷകർക്ക് തീരാ ദുഃഖമായി അവശേഷിക്കുന്നു.ഒരുതരത്തിൽ വിളകളുടെ വളർച്ചയെ ബാധികുമ്പോൾ,മറ്റൊരു തരത്തിൽ വിളവുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. AI മോഡലുകൾ ഉപയോഗിച്ച് കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ സാധിക്കും. ഇത് കർഷകർക്ക് കൃഷി ആസൂത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇപ്പോഴാ ഒരു കാര്യം ഓർത്തത്,വരുന്ന വഴിക്ക് നമ്മളെ മാഷിൻറെ വീട്ടിൽ റോബോട്ടിന്റെ കഥ പറയുന്ന സിനിമ വെച്ച് കാണുന്നത് കണ്ടു. അപ്പോൾ ഞാൻ ചിന്തിച്ചു,ഇതൊക്കെ ചെയ്യുന്ന ഇവനെക്കൊണ്ട് നമ്മുടെ കർഷകർക്ക് എന്തെങ്കിലും പ്രയോജനം കാണോ? ഉണ്ടല്ലോ …
കൃഷിയിടത്തിൽ കണ്ടുവരുന്ന മറ്റൊരു വെല്ലുവിളിയാണ് കളകളുടെ അതിപ്രസരം.വിളകളെ വിഴുങ്ങുന്ന തരത്തിൽ കളകൾ വളരുക.വിളകൾക്ക് നൽകിയ പോഷകങ്ങൾ കളകൾ വലിച്ചെടുക്കുകയും അതുമൂലം കളകൾ തഴച്ചു വളരുകയും, വിളകൾക്ക് വിളർച്ച സംഭവിക്കുകയും ചെയ്യുന്നു. കളകളെ നീക്കം ചെയ്താൽ മാത്രമേ വിളകൾക്ക് സുഗമമായ വളർച്ച പ്രധാനം ചെയ്യാൻ കഴിയൂ.ഇവ നീക്കം ചെയ്യൽ, വിളവെടുക്കുക തുടങ്ങിയ ജോലികൾ ചെയ്യാൻ AI നിയന്ത്രിത റോബോട്ടുകൾ ഉപയോഗിക്കാം. ഇത് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ കൂടി സഹായകമാകും.
ഇതൊക്കെ കേൾക്കുമ്പോൾ ഒരു കൃഷി അങ്ങോട്ട് തുടങ്ങിയാൽ കൊള്ളാമെന്നുണ്ടോ?
വളരെ നല്ല കാര്യമാണ്.പക്ഷേ എന്ത് കൃഷി തുടങ്ങും? ആ കൃഷി ഇവിടെ ലാഭകരമായി വിജയിക്കുമോ? ഒരുപാട് ചോദ്യങ്ങൾ ഉണ്ടല്ലേ മുന്നിൽ.
നമ്മുടെ ഈ കൊച്ചു കേരളത്തിൽ പലയിനം മണ്ണിനങ്ങൾ ഉണ്ടെന്ന് അറിയാം.തീരദേശമണ്ണ്, എക്കൽമണ്ണ്, കരിമണ്ണ്, വെട്ടുകൽ മണ്ണ്, ചെമ്മണ്ണ്, മലയോര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വനമണ്ണ് എന്നിങ്ങനെ വരും.ഓരോ മണ്ണും അതിൻറെ സ്വഭാവത്തിൽ വ്യത്യസ്തപ്പെട്ടിരിക്കുന്നു .അതിനു അനുസരിച്ച് കൃഷി നടത്തിയാലേ,നമുക്ക് വേണ്ടുന്നത്ര വിളകൾ ലഭിക്കുകയുള്ളൂ. നാം കൃഷി ചെയ്യുന്ന മണ്ണിന്റെ സ്വഭാവം, കാലാവസ്ഥ, വിപണി ആവശ്യകത എന്നിവ നോക്കി, ഏറ്റവും അനുയോജ്യമായ വിള ഇനങ്ങൾ തിരഞ്ഞെടുക്കാൻ AI കർഷകരെ സഹായിക്കും.
ഇനി വരാനിരിക്കുന്നത് AI തരംഗമാണ്.കാലങ്ങൾ കഴിയുമ്പോൾ, ലോകം മൊത്തമായും AI കൈപിടിയിൽ ആകും. അതുകൊണ്ട് നമുക്കും ഇപ്പോഴേ തയ്യാറെടുക്കാം.. കർഷകർക്ക് ഉണ്ടാകുന്ന ഏതു സംശയങ്ങളും ദൂരീകരിക്കാനും വിവരങ്ങൾ ലഭിക്കാനുമായി AI അധിഷ്ഠിത ചാറ്റ്ബോട്ടുകൾ പ്രയോജനപ്പെടുത്താം.
എന്താണീ ചാറ്റ്ബോട്ടുകൾ? മനുഷ്യ സംഭാഷണം അനുകരിക്കുന്ന സോഫ്റ്റ്‌വെയറാണ് ചാറ്റ്ബോട്ട്, ഇത് ഉപയോക്താക്കളെ ഒരു യഥാർത്ഥ വ്യക്തിയോട് സംസാരിക്കുന്നതുപോലെ ഡിജിറ്റൽ സിസ്റ്റങ്ങളുമായി സംവദിക്കാൻ പ്രാപ്തമാക്കുന്നു. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), മെഷീൻ ലേണിംഗ്, മറ്റ് അൽഗോരിതങ്ങൾ എന്നിവ ഉപയോഗിച്ച് ചാറ്റ്ബോട്ടുകൾക്ക് തത്സമയം ഉപഭോക്ത ചോദ്യങ്ങൾ മനസ്സിലാക്കാനും പ്രോസസ്സ് ചെയ്യാനും പ്രതികരിക്കാനും കഴിയും. ഉപഭോക്തൃ സേവനം, മാർക്കറ്റിംഗ് ഓട്ടോമേഷൻ, വേഗത്തിലുള്ള സിസ്റ്റം പ്രതികരണങ്ങൾ, ആവശ്യമായിട്ടുള്ള മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി അവ പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. Siri, Alexa, Google Assistant പോലെ.
കേരളത്തിലെ കർഷകർക്ക് AI എങ്ങനെ പ്രയോജനപ്പെടുത്താം?
കേരളത്തിലെ കർഷകർക്ക് AI സാങ്കേതികവിദ്യ വളരെയധികം പ്രയോജനപ്പെടുത്താൻ കഴിയും. നെൽകൃഷി, റബ്ബർ, തേയില, നാളികേരം തുടങ്ങിയ പ്രധാന കൃഷികളിൽ AI ഉപയോഗിച്ച് ഉൽപാദനക്ഷമത വർധിപ്പിക്കാം. ഉദാഹരണത്തിന്:
1. നെൽകൃഷിയിൽ സ്മാർട്ട് ജലസേചന സംവിധാനങ്ങൾ ഉപയോഗിച്ച് വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കാം.
2. റബ്ബറിൽ AI ഉപയോഗിച്ച് ടാപ്പിങ് സമയം കൃത്യമായി നിർണയിക്കാം.
3. തേയിലയിൽ ഡ്രോണുകൾ ഉപയോഗിച്ച് രോഗബാധ നേരത്തെ കണ്ടെത്താം.
4. നാളികേരത്തിൽ AI അധിഷ്ഠിത സെൻസറുകൾ ഉപയോഗിച്ച് വളം, വെള്ളം എന്നിവയുടെ ആവശ്യകത കൃത്യമായി നിർണയിക്കാം.
എന്നാൽ AI സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിൽ ചില വെല്ലുവിളികളും ഉണ്ട്:
1. ചെലവ്: പ്രാരംഭ നിക്ഷേപം ഉയർന്നതാണ്.
2. സാങ്കേതിക പരിജ്ഞാനം: കർഷകർക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പരിശീലനം ആവശ്യമാണ്.
3. ഇൻ്റ്ർനെറ്റ് കണക്റ്റിവിറ്റി: ഗ്രാമീണ മേഖലകളിൽ മികച്ച ഇൻ്റ്ർനെറ്റ് കണക്ഷൻ ലഭ്യമാക്കേണ്ടതുണ്ട്.
4. ഡാറ്റ സുരക്ഷ: കർഷകരുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
AI സാങ്കേതികവിദ്യ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇത് കൃഷിയെ കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കുന്നു. എന്നാൽ ഈ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിന് സർക്കാരിന്റെയും കാർഷിക സ്ഥാപനങ്ങളുടെയും പിന്തുണ ആവശ്യമാണ്. കർഷകർക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക സഹായവും നൽകി AI സാങ്കേതികവിദ്യ പ്രാവർത്തികമാക്കിയാൽ, നമ്മുടെ കാർഷിക മേഖല കൂടുതൽ ശക്തമാകും.
വരും ദിവസങ്ങളിൽ പുതിയ സാങ്കേതിക വിഷയങ്ങളുമായി നമുക്ക് വീണ്ടും സന്ദികലാം..